സെപ്റ്റംബര്‍ 17നുണ്ടായ ആക്രമണത്തിനു ശേഷം റിന്‍സണെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച യുഎസ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് റിന്‍സണിന്റെ നിഗൂഢ ബന്ധങ്ങള്‍ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്കുന്നു. സംഭവത്തിന് ശേഷം യു.എസില്‍നിന്ന് മാറ്റിയ റിന്സണ് ഇപ്പോള്‍ ഒരു "സുരക്ഷിത കേന്ദ്രത്തി'ലാണ് ഉള്ളതെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന് ഈ മാധ്യമത്തോടു പറഞ്ഞതായാണ് ഇവര്‍ അവകാശപ്പെടുന്നത്.
വയനാട്ടില്‍നിന്ന് 10 വര്‍ഷം മുമ്പ് നോര്‍വേയിലേക്ക് കുടിയേറി അവിടത്തെ പൗരത്വം നേടിയ റിന്സണ് ജോസ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നുപോയത്. ഹിസ്ബുല്ലയുടെ പ്രധാന വിനിമയ ഉപാധിയായ പേജര്‍ ശൃംഖലയെ ആക്രമിക്കാനുള്ള പദ്ധതിയില്‍ അറിഞ്ഞോ അറിയാതെയോ റിന്സണ് പങ്കാളിയായിരുന്നുവെന്നുതന്നെയാണ് സംശയം.
ഉറവിടങ്ങള്‍ സമര്‍ഥമായി മറച്ച ഷെല്‍ കമ്പനികള്‍ വഴി ഹിസ്ബുല്ലക്ക് സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ച പേജറുകള്‍ വില്‍ക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. മുന്‍നിര പേജര്‍ കമ്പനിയായ തായ്വാനിലെ ഗോള്‍ഡ് അപ്പോളോയെയാണ് ഇതിനായി ഇസ്രായേല്‍ ആദ്യം ഉന്നമിട്ടത്. ഭൂഖണ്ഡങ്ങള്‍ കടന്ന ഓപറേഷന്റെ ഭാഗമായി 2022 മേയില്‍ ഹംഗറിയിലെ ബുഡാപെസ്ററില്‍ ബി.എ.സി കണ്‍സല്‍ട്ടിങ് എന്നൊരു കമ്പനി സ്ഥാപിക്കപ്പെട്ടു. ഒരുമാസത്തിനു ശേഷം ബള്‍ഗേറിയയിലെ സോഫിയയില്‍ നോര്‍ട്ട ഗ്ളോബല്‍ ലിമിറ്റഡ് എന്നൊരു കമ്പനിയും രജിസ്ററര്‍ ചെയ്യപ്പെട്ടു. റിന്സണ് ജോസിന്റെ പേരിലായിരുന്നു ഈ കമ്പനി.
പുതിയ മോഡല്‍ പേജറുകള്‍ (എ.ആര് ~924) നിര്‍മിക്കാനുള്ള ലൈസന്‍സ് ഗോള്‍ഡ് അപ്പോളോയില്‍നിന്ന് ബുഡാപെസ്ററിലെ ബി.എ.സി കണ്‍സല്‍ട്ടിങ് ഇതിനകം സമ്പാദിച്ചു. നിലവില്‍ ഗോള്‍ഡ് അപ്പോളോ നിര്‍മിക്കുന്ന പേജറുകളേക്കാള്‍ വലുപ്പമേറിയതായിരുന്നു പുതിയ മോഡല്‍. പക്ഷേ, വാട്ടര്‍ പ്രൂഫ് സംവിധാനം, നീണ്ട ബാറ്ററി ലൈഫ് എന്നീ ഗുണങ്ങളാണ് ബി.എ.സി "വാഗ്ദാനം' ചെയ്തത്. പേജറുകളുടെ നിര്‍മാണം മൊസാദിന്റെ മേല്‍നോട്ടത്തില്‍ ഇസ്രായേലിലായിരുന്നു. മൊസാദ് ഏര്‍പ്പാടാക്കിയ ഇടനിലക്കാരും ഏജന്റുമാരുമാണ് ഹിസ്ബുല്ലയുമായി പേജര്‍ ഇടപാടില്‍ സംസാരിച്ചത്. ഇവിടെയാണ് റിന്സണ് ജോസിന്റെ കമ്പനിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്.

Comments: